3.         

 ദേശീയ സാമ്പിൾ സർവ്വെ

 ദേശീയ സമ്പദ്ഘടനയുടെ  വിവിധ മേഖലകളെ സംബന്ധിച്ച വിവരശേഖരണത്തിനായി സ്ഥിരം സർവ്വെ സംഘടന എന്ന ലക്ഷ്യത്തിനുവേണ്ടി  1950 ൽ ഭാരത സർക്കാരിന്റെ സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയത്തിനു കീഴിൽ ദേശീയ സാമ്പിൾ സർവ്വെ കാര്യാലയം (എൻ.എസ്.എസ്.ഒ)  സ്ഥാപിതമായി. ദേശീയതലത്തിൽ സാമൂഹിക സാമ്പത്തിക ആസൂത്രണത്തെയും  നയരൂപീകരണത്തെയും സഹായിക്കുന്ന തിനു വേണ്ടി എൻ.എസ്.എസ്.ഒ സാമ്പിൾ സർവ്വെകൾ (എൻ.എസ്.എസ്) നടത്തിവരുന്നു. എൻ.എസ്.എസ് എന്നത് ക്രമമായ ഇടവേളകളിൽ  തുടർച്ചയായ റൗണ്ടുകളിലൂടെ നടത്തപ്പെടുന്ന സർവ്വെയാണ്. സാധാരണയായി ഓരോ റൗണ്ടും ഒരു വർഷകാലയളവിൽ സമകാലിക വിഷയങ്ങളെ ആസ്പദമാക്കി പഠനം നടത്തുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ എല്ലാ മേഖലകളിലെയും വീടുകളിൽ നിന്നും സംരംഭങ്ങളിൽ  നിന്നും റാൻഡം സാമ്പിൾ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെടുന്ന യൂണിറ്റുകളിൽ ഇൻവെസ്റ്റിഗേറ്റർമാർ ചെന്നു നേരിട്ടാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

സംസ്ഥാനത്തിന്റെ പങ്കാളിത്തം

 എൻ.എസ്.എസ് സെൻട്രൽ സാമ്പിളുകളുടെ എണ്ണം വളരെ പരിമിതമായിരുന്നതിനാൽ അവ ഉപയോഗപ്പെടുത്തികൊണ്ട് ജില്ലാതല കണക്കുകൾ തയ്യാറാക്കുവാൻ സാധ്യമായിരുന്നില്ല. ഇക്കാരണത്താൽ സംസ്ഥാനങ്ങളും  കേന്ദത്തിനു തുല്യമായ സാമ്പിളുകൾ സർവ്വെ ചെയ്യാൻ ക്ഷണിക്കപ്പെട്ടു. കേരളവും എൻ.എസ്.എസ് സർവ്വയുടെ പ്രാരംഭകാലം മുതൽ തന്നെ പങ്കെടുത്തുകൊണ്ട് പ്രാദേശിക തലത്തിൽ കണക്കുകൾ ലഭ്യമാക്കുവാൻ ആരംഭിച്ചു.

 ദേശീയ സാമ്പിൾ സർവ്വെയുടെ വിഷയപരിധി

          ദേശീയ സാമ്പിൾ സർവ്വെയിലൂടെ ക്രമമായ ഇടവേളകളിലായി ഒരേ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. എങ്കിലും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവ്വെ ഷെഡ്യൂളുകളുടെ രൂപകല്പനയിലും മാറ്റങ്ങൾ വരുത്തുന്നു. എൻ.എസ്.എസ്.ഒ യുടെ ദീർഘകാല പദ്ധതി പ്രകാരം താഴെ പറയുന്ന വിഷയങ്ങളാണ് പ്രധാനമായും വിവിധ റൗണ്ടുകളിലൂടെ കൈകാര്യം ചെയ്യുന്നത്.

1.  തൊഴിൽ - തൊഴിലില്ലായ്മ, ഉപഭോക്തൃവ്യയം (10 വർഷത്തിൽ 2 തവണ)

2. അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങൾ (10 വർഷത്തിൽ 2 തവണ)

3. ജനസംഖ്യ, ജനന-മരണനിരക്കുകൾ, വൈകല്യം, രോഗാവസ്ഥ, പ്രത്യുല്പാദന നിരക്ക്,  മാതൃ-ശിശു പരിചരണം, കുടുംബാസൂത്രണം (10 വർഷത്തിലൊരിക്കൽ)

4. കടബാദ്ധ്യതയും നിക്ഷേപവും മൂലധനആസ്തിയും  (10 വർഷത്തിലൊരിക്കൽ)

5. കൈവശഭൂമിയും കന്നുകാലി സമ്പത്തും (10 വർഷത്തിലൊരിക്കൽ)

 

ഇതിനുപുറമേ  ഗവൺമെന്റ് ആവശ്യപ്പെടുന്ന കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയും സർവ്വെ നടത്തുന്നു. 

 വിവരസ്രോതസ്സും രീതിശാസ്ത്രവും

          ഓരോ റൗണ്ട് സർവ്വെയും എൻ.എസ്.എസ്.ഒയാണ് രൂപകല്പന ചെയ്യുന്നത്.  സർവ്വെ  ഷെഡ്യൂളുകളുടെയും മറ്റും ഫീൽഡ്തലത്തിലെ ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളുടെയും അഗാധമായ പ്രാരംഭ പരിശോധനകൾക്കും വിദഗ്ധ ചർച്ചകൾക്കും ശേഷം ഓരോ റൗണ്ടിലെയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുന്നു. കേന്ദ്ര, സംസ്ഥാന ഏജൻസികൾ തങ്ങൾക്ക് പ്രത്യേകമായി അനുവദിക്കപ്പെട്ട സാമ്പിളുകളിൽ സ്വതന്ത്രമായാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഡി.ഇ.എസ് സ്വന്തം ഇൻവെസ്റ്റിഗേറ്റർമാരിലൂടെ സ്റ്റേറ്റ് സാമ്പിൾ ഡാറ്റ ശേഖരിക്കുന്നു.  എൻ.എസ്.എസ്.ഒ സെൻട്രൽ സാമ്പിളിൽ ഉപയോഗിക്കുന്ന അതേ ചോദ്യാവലിയും ആശയങ്ങളും നർവ്വചനങ്ങളുമാണ് സംസ്ഥാനത്തും ഉപയോഗിക്കുന്നത്.

ഡാറ്റാ പ്രോസസ്സിംഗ്

           ഓരോ റൗണ്ടിലെയും ഫീൽഡ് തലത്തിലുള്ള ജോലികൾ പൂർത്തിയാക്കുമ്പോൾ സർവ്വെ  ഷെഡ്യൂളുകൾ ജില്ലാ ആഫീസുകളിലെയും ആസ്ഥാന ആഫീസിലെയും എൻ.എസ്.എസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സൂക്ഷ്മപരിശോധന നടത്തുന്നു. അതിനു ശേഷം എൻ.എസ്.എസ്.ഒ നൽകുന്ന സോഫ്റ്റ് വെയറിലൂടെ  ഡാറ്റ എൻട്രിയും മൂന്ന് ഘട്ടങ്ങളിലായുള്ള വാലിഡേഷനും ടേബിളുകളുടെ രൂപീകരണവും പൂർത്തിയാക്കുന്നു. ഈ ഡാറ്റ മുഖേനയുള്ള സംസ്ഥാന, ജില്ലാതല കണക്കുകൾ ആസ്പദമാക്കി അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.

 നടപ്പു സർവ്വെ

   ജനുവരി 2019 ന് ആരംഭിച്ച് ഡിസംബർ 2019 വരെ നീളുന്ന എഴുപത്തി ഏഴാമത് നാഷണൽ സാമ്പിൾ സർവ്വെയിലൂടെ, തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ നിന്നും കൈവശഭൂമി, കന്നുകാലി സമ്പത്ത്, കടബാധ്യത, നിക്ഷേപം, കാർഷിക കുടുംബങ്ങളുടെ അവസ്ഥ എന്നിവയെ സംബന്ധിക്കുന്ന കണക്കുകൾ ശേഖരിക്കുന്നതാണ്.

      ഇപ്രകാരം ശേഖരിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്ക് വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സൂചികകൾ സർക്കാരിനും സർക്കാരിതര സ്ഥാപനങ്ങൾക്കും ആസൂത്രണത്തിനും നയരൂപീകരണത്തിനും പദ്ധതി നടത്തിപ്പിനും സംസ്ഥാന വരുമാന നിർണ്ണയത്തിന് അനുപേക്ഷണീയമാണ്. പ്രസ്തുത സർവ്വെയിലൂടെ ലഭ്യമാകുന്ന ഗ്രാമീണ-നഗര സമ്പദ് വ്യവസ്ഥയിൽ കാർഷികമേഖലയിൽ ഉളവായിട്ടുള്ള ആസ്തികളുടെ ശേഖരം കടബാധ്യത, മൂലധന സമാഹരണം തുടങ്ങിയ സൂചികകൾ രാജ്യത്തിന്റെ  വായ്‍പാ  ഘടനയെ വിലയിരുത്താനും അതുവഴി കൂടുതൽ സുസ്ഥിരവും ഫലപ്രദവുമായ വായ്‍പാ   നയരൂപീകരണത്തിനും വഴിയൊരുക്കുന്നു. കൂടാതെ പൊതു നയത്തിന്റെ ഫലമായി നിക്ഷേപ സാങ്കേതിക മേഖലയിൽ വന്ന മാറ്റവും തദ്വാരാ കർഷകർക്ക് കരഗതമാകുന്ന വിഭവ വരുമാന മാർഗ്ഗവും തൽഫലമായി ഉണ്ടാകുന്ന കാർഷിക കുടുംബങ്ങളുടെ ക്ഷേമവും ഈ സർവ്വെയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വഴി വിലയിരുത്തുന്നതാണ്. ഇത്തരത്തിൽ സർക്കാരിന്റെ നയരൂപീകരണവും പദ്ധതി നടത്തിപ്പും കാർഷികമേഖലയിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് പ്രസ്തുത സർവ്വെയിലൂടെ അനാവരണം ചെയ്യപ്പെടും.

Scroller nss image

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON